തൊടുപുഴ: മദ്യപിച്ചുള്ള ഡ്രൈവിംഗും വാഹനമോടിക്കുന്നതിനിടയിൽ ഉറങ്ങുന്നതും മൂലമുണ്ടാകുന്ന അപകടങ്ങൾ സൃഷ്ടിക്കുന്നത് ചില്ലറ പ്രശ്നമല്ല. ഇതിനു പരിഹാരമാണ് വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച്എസ്എസിലെ അലൻ സജിയുടെയും അതുൽ ഗീവർഗീസിന്റെയും വർക്കിംഗ് മോഡൽ. ഇതിനു നിമിത്തമായത് ഇവരുടെ സഹപാഠിയായ ജോബൽ സാജുവിന്റെ നിർദേശം.
ജോബലിന്റെ ബന്ധുക്കൾ സഞ്ചരിച്ച വാഹനം അടുത്ത നാളിൽ ബംഗളൂരുവിനു സമീപം അപകടത്തിൽപ്പെട്ടിരുന്നു. വാഹനം തകർന്നെങ്കിലും യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായത്. ഇതോടെ ജോബലും കൂട്ടുകാരും ചേർന്ന് ഇതിനു പരിഹാരമാർഗം കണ്ടെത്തുകയായിരുന്നു. ജോബൽ മറ്റു മത്സരയിനത്തിൽ ഉണ്ടായിരുന്നതിനാൽ അലനും അതുലും ചേർന്നാണ് മോഡൽ അവതരിപ്പിച്ചത്.
മദ്യപിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ സ്റ്റാർട്ടാകില്ല എന്നതാണ് ഒരു പ്രത്യേകത. ഡ്രൈവർ ഉറങ്ങിയാൽ വലിയ ശബ്ദത്തിൽ അലാറം മുഴങ്ങുന്നതോടെ ഇയാൾക്ക് ഉണരാനും കഴിയും. കൂടാതെ വാഹന ഉടമയുടെ മൊബൈൽഫോണിലേക്ക് സന്ദേശവുമെത്തും. ചെറിയ അളവിൽ മദ്യം ഉള്ളിൽച്ചെന്നാൽ പോലും വാഹനം സ്റ്റാർട്ടാകില്ല. ഇഎസ്പി മൊഡ്യൂൾ കത്തിയതിനാൽ ജോബിന് മത്സരത്തിൽ പങ്കെടുക്കാനായില്ല. പത്താം ക്ലാസ് വിദ്യാർഥികളാണ് മൂവരും.